
ദില്ലി: അണികൾക്ക് കർശന നിർദ്ദേശവുമായി അരവിന്ദ് കെജ്രിവാൾ രംഗത്ത്. വിജയാഘോഷത്തിന് ശേഷം പടക്കംപൊട്ടിക്കരുതെന്ന് കെജ്രിവാൾ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. വിജയാഘോഷ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് കേജ്‌രിവാളിന്റെ നിർദേശം. അന്തരീക്ഷ മലിനീകരണമടക്കം തടയുന്നതിനാണ് തീരുമാനമെന്ന് പാർട്ടി നേതാക്കൾ പ്രതികരിച്ചു.
ആംആദ്മി പാർട്ടിയുടെ ഓഫീസിൽ മധുര പലഹാരങ്ങളടക്കം വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. കേജരിവാൾ ഇത് മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആപ്. ആംആദ്മി പാർട്ടി അന്ന് 67 സീറ്റുകളാണ് നേടിയത്. ബിജെപി മൂന്നു സീറ്റും. കോൺഗ്രസ് പൂജ്യത്തിലൊതുങ്ങുകയാണ് ചെയ്തത്.
വിവിധ ചാനലുകൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളിലെല്ലാം ആംആദ്മി പാർട്ടി വൻ വിജയം നേടുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് കനത്ത തോൽവിയും. കോൺഗ്രസിന് 0.4 സീറ്റുകൾ വരേയുമാണ് പ്രവചിച്ചിരുന്നത്.