
ന്യൂഡല്‍ഹി: ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കാത്ത രാജ്യത്തെ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ചര്‍ച്ചക്കൊരുങ്ങുന്നു. എതിർപ്പ് ഉന്നയിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുമായി സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ജനറലും ചര്‍ച്ചനടത്താനാണ് തീരുമാനം. പൗരത്വനിയമത്തിലെ ആശങ്കകൾ ദൂരീകരിച്ച് കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഗഢ്, പഞ്ചാബ് ഉൾപെടെയുള്ള സംസ്‌ഥാനങ്ങളെ ഒപ്പം നിർത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
എന്‍.പി.ആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ മുതൽ -സെപ്തംബര്‍ വരേയുള്ള മാസങ്ങളിൽ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ ഇപ്പോഴും സഹകരിച്ചിട്ടില്ല. അതിനാലാണ് കേന്ദ്രസർക്കാർ അനുനയനീക്കവുമായി രംഗത്ത് എത്തിയത്.
എൻ.പി.ആർ, സെൻസസ്, വിവരശേഖരണം നടത്തുന്നതിന് ചുക്കാൻപിടിക്കുന്നത് സെൻസസ് കമ്മീഷണറാണ്. അതിനാലാണ് സെന്‍സസ് കമ്മീഷണറേയും രജിസ്ട്രാര്‍ജനറലിനേയും നേരിട്ട് ചർച്ച നടത്താൻ കേന്ദ്രസർക്കാർ നിയോഗിക്കുന്നത്.
പൗരത്വ നിയമഭേദഗതിയും, ദേശീയ പൗരത്വ റജിസ്റ്ററുമായും സഹകരിക്കില്ലെന്ന് വ്യക്തമാക്കി നിയമസഭയിൽ ആദ്യം സംയുക്ത പ്രമേയം ഏകകണ്ഠമായി പാസ്സാക്കിയെടുത്ത രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്.