
മുംബൈ: പൗരത്വ നിയമത്തിനെതിരെ മുംബൈയിൽ പടുകൂറ്റൻ പ്രതിഷേധം. ആസാദ് മൈതാനിയിലാണ് പ്രതിഷേധം നടന്നത്. സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്. താനെ, നവിമുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ആസാദ് മൈതാനിയിൽ എത്തിയത്.
ഉറുദു ഭാഷയിലെ പ്രശസ്തനായ കവി ഫായിസ് അഹമ്മദിന്റെ പ്രശസ്തമായ ‘ഞങ്ങൾ കാണും’ (ഹം ദേഖേങ്കേ) യെന്ന കവിത ചൊല്ലികൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ മുംബൈയിലെ ആയിരങ്ങൾ പ്രതിഷേധിച്ചത്.
ദേശീയപതാകയും പൗരത്വബിൽ, എൻപിആർ, എൻആർസി, എന്നിവയ്ക്കെതിരെ ബാനറുകളടക്കം ഉയർത്തിയാണ് പ്രതിഷേധം നടന്നത്. അമിത്ഷാ മോദിയിൽ നിന്നും സ്വാതന്ത്ര്യം, സിഎഎ, എൻആർസി, യിൽ നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും വളിച്ചും ആളുകൾ പ്രതിഷേധിച്ചു. പരിപാടിയിൽ റിട്ട:ജസ്റ്റിസ് കൊൽസി പട്ടീൽ, സിനിമാതാരം സുശാന്ത് സിങ്ങ്, സമൂഹിക പ്രവർത്തക തീസ്ത സെതൽവാദ്, സമാജ്വാദി പാർട്ടി നേതാവ് അബു അസീം തുടങ്ങിയ നിരവധി പ്രമുഖരും പങ്കെടുത്തു.