
ന്യൂഡൽഹി: കഴിഞ്ഞ ദില്ലിതിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സഖ്യ കക്ഷിയായ എൽ.ജെ.പി രംഗത്ത്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ അത്തരംഭാഷകൾ നിയന്ത്രിക്കണമെന്ന് എൽ.ജെ.പി നേതാവ് രാം വിലാസ് പാസ്വാൻ ആവശ്യപ്പെട്ടു.
എട്ടുമാസം മാത്രമാണ് ബിഹാർ തിരഞ്ഞെടുപ്പിനുള്ളത്. പ്രദേശിക വികസനവിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കേണ്ടത്. അതിനാൽ ഭാഷകൾ നിർബന്ധമായിട്ടും നിയന്ത്രിക്കപ്പെടണമെന്നും പാസ്വാൻ പറഞ്ഞു. ബിജെപിക്ക് ഡൽഹി തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെയാണ് പാസ്വാന്റെ പ്രതികരണം.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ തിരിച്ചടി ആയെന്ന് ബിജെപിയുടെ വിലയിരുത്തലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറടക്കമുള്ള ബിജെപി നേതാക്കൾക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.