
അഹമ്മദാബാദ്: ട്രംപിന്റെ വരവുമായി ബന്ധപട്ട് ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരികൾ മതിൽ കെട്ടി മറയ്ക്കുന്ന സംഭവം വിവാദമായതിന് പിന്നാലെ ചേരി നിവാസികളെ ഒഴിപ്പിക്കാൻ നീക്കം. ഇവരോട് ഏഴുദിവസത്തിനകം ചേരി വിട്ടൊഴിയാൻ നോട്ടീസ് നൽകിയതായി മനോരമ ന്യൂസാണ് ഗുജറാത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
ചേരി നിവാസികള്‍ അനധികൃതമായാണ് ഇവിടെ താമസിക്കുന്നതെന്നാണ് കാരണമായി അഹമ്മദാബാദ് നഗരസഭ പറയുന്നത്. അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ നമസ്‌തേ ട്രംപ് പ്രോഗ്രാമുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയും ട്രംപും നടത്തുന്ന റോഡ് ഷോ കടന്നുപോകുന്നെന്ന് പറയപ്പെടുന്ന റോഡ് സെെഡിലെ ചേരികൾ മതിൽ കെട്ടി മറയ്‌ക്കുന്ന വാർത്ത ദേശീയ മാധ്യമങ്ങളിലും, രാജ്യത്തിന് പുറത്തുള്ള മാധ്യമങ്ങളിലും ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടികൾ. ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാനുള്ള നീക്കാനാണ് ഇതിനുപിന്നിൽ എന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ചേരികൾ മതിൽ കെട്ടി മറയ്‌ക്കുന്നതിനെതിരെ തിരുവനന്തപുരം സ്വദേശിയും സാമൂഹികപ്രവർത്തകയുമായ അശ്വതി ജ്വാല മതിൽനിർമ്മാണം നടക്കുന്ന സർദാർനഗറിൽ ഇന്നലെ മുതൽ പ്രതിഷേധസൂചകമായി നിരാഹാരസമരം ആരംഭിച്ചിരുന്നു.