
നാഗ്പൂര്‍: ആർഎസ്‌എസിന്റെ മനുവാദി അജണ്ടയ്ക്ക് രാജ്യത്ത് ജനപിന്തുണ ഉണ്ടോ എന്നറിയാന്‍ തിരഞ്ഞെടുപ്പു ഗോദയിൽ നേരിട്ടിറങ്ങാൻ ആര്‍എസ്എസിനെ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആര്‍ എസ്എസിന്റെ നാഗ്പൂരിലെ കാര്യാലയത്തിനു സമീപത്തുള്ള രേഷിംബേഗ് ഗ്രൗണ്ടിൽ നടന്ന ഭീം ആര്‍മി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരൻ ആസാദ്.
ആര്‍എസ്എസ് അജണ്ടകളാണ് എന്‍ആര്‍സി, സിഎഎ, എന്‍പിആര്‍ എന്നിവ. അതിനാല്‍ ആര്‍ എസ്എസിന്റെ മേധാവിയോട് ഞാനൊരു നിര്‍ദേശം വയ്ക്കുകയാണ്. ഇത് ജനാധിപത്യമാണ്. ബിജെപിയെന്ന മുഖപടം മാറ്റി. നുണകളുടെ മൂടുപടം വലിച്ചെറിഞ്ഞ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വരൂ. നിങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന യഥാർത്ഥ അജണ്ടയുമായി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കൂ.
രാജ്യത്തെ ജനങ്ങൾ നിങ്ങളോടുപറയും ഭരണഘടനയാണോ മനുസ്മൃതിയാണോ രാജ്യത്തിനാവിശ്യമെന്നും ആസാദ് പറഞ്ഞു. അവര്‍ മനുസ്മൃതിയില്‍ വിശ്വസിക്കുമ്പോൾ
ഞങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു. രാജ്യം പ്രവര്‍ത്തിക്കുന്നത് ഭരണഘടനയില്‍ മാത്രമാണെന്നും. അല്ലാതെ മറ്റേതെങ്കിലും പ്രത്യയശാസ്ത്രത്തിലല്ലെന്നും ആസാദ് വ്യക്തമാക്കി.
ആര്‍എസ്എസിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ മനുവാദം അവസാനിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. സംവരണ സംവിധാനം രാജ്യത്ത് അവസാനിപ്പിക്കാന്‍
ആര്‍എസ്എസ് ബാക്ക്‌ഡോര്‍ വഴി ശ്രമിക്കുകയാണെന്നും ആസാദ് ആരോപിച്ചു.