
ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുന്ന ആളുകളെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ഒരുകാരണവശാലും ശരിയല്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. ജനാധിപത്യത്തിൽ വിയോജിപ്പുകളെ അടിച്ചമർത്താൻ നടത്തുന്ന ഏതു നീക്കവും മരവിപ്പുണ്ടാക്കുമെന്നും. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യവും വിയോജിപ്പുമെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ബാർ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അടുത്തിടെ സർക്കാരിന് എതിരെ വിമർശം ഉന്നയിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന പോലുള്ള സംഭവങ്ങൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പേരെടുത്ത് പറയാതെ ബിജെപിയെയാണ് അദ്ദേഹം പരോക്ഷമായി കടന്നാക്രമിച്ചത്.
ഒരുപാർട്ടിക്ക് 51 ശതമാനം വോട്ടുകൽ ലഭിച്ചെന്നത് കൊണ്ട്, അഞ്ച് വർഷത്തേക്ക് ബാക്കിയുള്ള 49 ശതമാനം പേരും നിശബ്ദരാകണമെന്നില്ലെന്നും ദീപക് ഗുപ്ത വ്യക്തമാക്കി. ജനാധിപത്യത്തിൽ എല്ലാവർക്കും അവരവരുടേതായ പങ്ക്നിർവഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യത്യസ്ത ആശയങ്ങൾ വെച്ചുപുലർത്തുന്നത് കൊണ്ട് രാജ്യത്തോട് ആദരവില്ലെന്ന് ആരും വിലയിരുത്തേണ്ടന്നും. വ്യത്യസ്തമായ ആശയങ്ങൾ ഉയർന്നുവരുമ്പോൾ വിയോജിപ്പുണ്ടാകും അത് സ്വാഭാവികം മാത്രമാണ്. ജനാധിപത്യത്തിന്റെ ഭാഗമാണ് ചോദ്യം ഉന്നയിക്കാനുള്ള അവകാശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രതിപക്ഷത്തിന് സമാധാന രീതിയിൽ ഏതറ്റംവരെയും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.