
ന്യൂഡൽഹി: ദില്ലി കലാപത്തിൽ മരണ സംഖ്യ 27 കടന്നു. തന്റെ അയല്‍വാസികളായ മുസ്ലിം കുടുംബത്തിന്റെ വീട് കലാപകാരികൾ അഗ്നിക്ക് ഇരയാക്കിയപ്പോൾ സ്വജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായി ഹിന്ദു യുവാവാണ്. അക്രമികള്‍ അയല്‍വാസിയുടെ വീട് തീയിട്ടതുകണ്ടതോടെയാണ് അവിടുത്തെ താമസക്കാരായ ആറുപേരെ രക്ഷിക്കാനായി പ്രേംകാന്ത് ബാഗേല്‍ എന്ന ഹിന്ദു യുവാവ് ഓടിയെത്തിയത്.
വീടിനകത്തേക്ക് ഒന്നും നോക്കാതെ ഓടിക്കയറുകയായിരുന്നു പ്രേംകാന്ത്. തന്റെ ജീവന്‍ അപകടത്തിലാവുമെന്ന് ഉറപ്പുണ്ടായിട്ടും അയല്‍വാസികളായ ആറോളം പേരുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സുഹൃത്തിന്റെ പ്രായമായ അമ്മയെ രക്ഷിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു വാഹനം പോലും ലഭിച്ചില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. ഏറെ വൈകി ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ യുവാവ് ജീവന് വേണ്ടി പോരാടുകയാണ്. ഏകദേശം 50 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റെന്നാണ് സൂചന.
ഇത്രയും ആളുകളുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ആശുപത്രിയില്‍ വെച്ച് ബാഗേല്‍ വ്യക്തമാക്കി. ഇന്ത്യടെെസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് മുസ്ലിം ഹിന്ദു സമൂഹം വളരെ ഐക്യത്തോടെയാണ് കഴിഞ്ഞിരുന്നത്. അതിനിടെയാണ് ഇത്തരമൊരു കലാപം ഉണ്ടായത്.