
ബംഗ്ലുരു: കർണാടകയിൽ ക്രിസ്തു പ്രതിമ നീക്കംചെയ്ത സംഭവം വിവാദത്തിൽ. സംഘപരിവാറിന്റെ പോഷക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ക്രിസ്തു പ്രതിമ നീക്കം ചെയ്തത്. കർണാടകത്തിലെ ദേവനഹളളിയിലാണ് സംഭവം നടന്നത്.
പ്രതിമ നിർമ്മിച്ചിരിക്കുന്നത് സർക്കാരിന്റെ ഭൂമിയിലാണെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് നിലനിൽക്കുന്ന മതസൗഹാർദത്തെ തകർക്കാനുളള ആസൂത്രിത നീക്കമാണ് ഇതെന്നാണ് ബെംഗളൂരു അതിരൂപത പ്രതികരിച്ചത്.
ദേവനഹളളിയിലെ സെന്‍റ്ജോസഫ് പളളിക്ക് സമീപം കുന്നിൻ ചെരുവിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയും കുരിശുകളും സർക്കാരിന്റെ ഭൂമിയിലാണെന്നും ഉടനെ നീക്കം ചെയ്യണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാർ സംഘടനകൾ സ്ഥലം തഹസിൽദാർക്ക് പരാതിയും നൽകിയിരുന്നു.
പിന്നാലെ ഇവർ സ്ഥലത്ത് പ്രതിഷേധം നടത്തിയതായും പ്രദേശ വാസികൾ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥരുടെ സംഘമെത്തി പ്രതിമ പൊളിച്ചു നീക്കുകയാണ് ഉണ്ടായത്.
ഏകദേശം 40 വർഷമായി ആരാധന നടക്കുന്ന സ്ഥലമാണ് ഇതെന്നും പ്രതിമ ഉൾപ്പെടുന്ന 4.5 ഏക്കർ 6 കൊല്ലം മുമ്പ് സർക്കാർ തന്നെ പതിച്ചുതന്നതാണെന്നും ബംഗളൂരിലെ ക്രിസ്ത്യൻ അതിരൂപത വ്യക്തമാക്കി. അതേസമയം പ്രതിമ വീണ്ടും പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം.