
ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ദില്ലി കലാപ ബാധിത മേഖലയിലെ യുവതി. അക്രമികളിൽ നിന്ന് രക്ഷിക്കാനായി തന്റെ ഭർത്താവിനെ കട്ടിലിനടിയിൽ ഒളിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് മല്ലികയെന്ന പറയുന്നു. കലാപം നടന്ന് മൂന്നാം ദിവസമാണ് അഴുക്കു ചാലിൽ നിന്ന് വെൽഡിങ് പണിക്കാരനായ തന്റെ ഭർത്താവ് മുഷ്‌റഫിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് അവർ പറയുന്നു.
ദില്ലിയിലെ ഭാഗീരഥി വിഹാറിൽ മൂന്നാംനിലയിൽ താമസിക്കുന്ന മുസ്ലിം കുടുംബത്തെ തേടിയാണ് കലാപാക്രമികൾ എത്തിയത്. തുടർന്ന് കെട്ടിട ഉടമയടക്കമുള്ള ഹിന്ദുക്കളായ അയൽവാസികൾ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവർ പറയുന്നു. ഇവരുടെ താമസസ്ഥലത്ത് കയറിയ അക്രമി സംഘം മുഷ്റഫിനെ കട്ടിലിനടിയില്‍നിന്ന് വലിച്ചു പുറത്തിട്ടു. തുടർന്ന് പിഞ്ചു കുട്ടികളുടേയും ഭാര്യയുടെയും മുന്നിലിട്ട് തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി.
വീണ്ടും അക്രമം ഉണ്ടാകുമെന്ന് ഭയന്ന് കെട്ടിടഉടമയുടെ ഭാര്യയിൽ നിന്ന് വാങ്ങിയ സിന്ദൂരം നെറ്റിയിൽ ചാർത്തി യാണ് യുവതി കഴിഞ്ഞുകൂടിയത്. മൃഗങ്ങൾ പോലും ഇത്രയ്ക്ക് ക്രൂരത കാട്ടില്ലെന്നാണ് ദില്ലി കലാപത്തിൽ 2 മക്കളെ നഷ്ടപ്പെട്ട ബാബുഖാൻ എന്ന പിതാവ് പറയുന്നത്. അസുഖ ബാധിതനായി കഴിയുന്ന മുത്തച്ഛനെ കണ്ട ശേഷം വരുന്ന വഴിയാണ് ഇരുവരും അക്രമികളുടെ കൈയിൽ അകപ്പെട്ടത്. വികൃതമാക്കിയ രീതിയിലാണ് മക്കളുടെ മൃതദേഹങ്ങൾ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയത്. അക്രമികളുടെ വെടിയേറ്റാണ് ഹാഷിം ഖാനും(19) അമീർ ഖാനും (30) കൊല്ലപ്പെട്ടത്.