
ന്യൂഡല്‍ഹി: ദില്ലി കലാപത്തിൽ അറസ്റ്റിലായ അക്രമി സംഘങ്ങളുടെ പേര് അടക്കമുള്ള വിവരങ്ങൾ പുറത്തു വിടണമെന്ന് ദില്ലി പൊലീസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. അറസ്റ്റ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പേര് വിവരങ്ങൾ പുറത്തുവിടാത്തത് എന്തെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. കോടതിയുടെ ഉത്തരവോടെ ഡൽഹി പോലീസും വെട്ടിലായിരിക്കുകയാണ്.
അതേസമയം മാര്‍ച്ച് 12 ന് കലാപത്തോട് അനുബന്ധിച്ചുള്ള ഹരജികള്‍ പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപട്ട ഹരജിയും അന്ന് പരിഗണിക്കും.
മുൻപ് ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് ബൃന്ദാ കേന്ദ്ര ആഭ്യന്തരമന്ത്രിയാക്ക് കത്തയച്ചിരുന്നു. ദില്ലി കലാപത്തിൽ അൻപതിന് അടുത്ത് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി വാഹനങ്ങളും കടകളും വീടുകളും അക്രമികൾ തീയിട്ട് നശിപ്പിച്ചു.