
തൃശൂർ: ഇന്ധനവില വർധനവിൽ പുതിയ ന്യായീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ക്രൂഡോയിൽ വില കുറയുന്നതിനനുസരിച്ച് പെട്രോൾ ഡീസൽ വില കുറയ്ക്കുമ്പോൾ ഇന്ധനഉപഭോഗം കൂടം. ഇത് രൂപയ്ക്ക് നഷ്ടവും ഡോളറിന് ലാഭവുമുണ്ടാകുന്നുതായും.
ഇത് ഇന്ത്യയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഭീതിമൂലം രൂപയുടെമൂല്യം കുറയുന്ന കാലഘട്ടത്തിൽ ഗുരുതരമായ പ്രതിസന്ധി ഇത് ഉണ്ടാക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നിലവിലുണ്ടായിരുന്ന വില തന്നെയാണ് ഇപ്പോഴും ഇന്ധനത്തിന് ഉപഭോക്താവ് നൽകുന്നത്. ഭരിക്കുന്ന ഗവൺമെന്റിനെ പാപ്പരാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാഗ്രഹിക്കുന്നവരാണ് പെട്രോൾ ഡീസൽ വിലയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത് മനസ്സിലാക്കാൻ പാഴൂരിലെ പടിപ്പുരയിൽ പോകേണ്ടെന്നും അദ്ദേഹം പറയുന്നു.
ക്രഡോയിൽ വില കുറഞ്ഞതനുസരിച്ച് ലോകത്ത് ആരും വിലകുറച്ചിട്ടില്ല. ഇന്ധനവില കൂട്ടിയിട്ടില്ലെന്നും കേന്ദ്രസർക്കാർ എക്സൈസ് തീരുവയായി ലഭിക്കുന്ന തുക ഖജനാവിൽ കരുതൽ നിക്ഷേപമായി ശേഖരിച്ച് രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്രദം ആയി വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ക്രൂഡോയിൽ വില കുറയുമ്പോൾ മാത്രമാണ് സർക്കാരിന് തീരുവ വർധിപ്പിക്കാൻ കഴിയുകയെന്നും. ഉപഭോക്താക്കൾക്ക് ഇത് വീതിച്ചു കൊടുത്താൽ പെട്രോൾ ഡീസൽ ഉപയോഗം കൂടും എന്നല്ലാതെ കമ്പോളത്തിൽ പ്രതിഫലിക്കാൻ ഇടയില്ലെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
Content highlights: petrol diesel price