
ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് നരേന്ദ്ര മോഡി വ്യക്തമാക്കണമെന്ന് കോൺഗ്രസ്. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും കോവിഡ് 19നെ നേരിടുന്നതിനും കേന്ദ്രം എന്തൊക്കെ നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയണമെന്നും രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടിക്കൊണ്ട് ഉത്തരവ്
പുറപ്പെടുവിച്ചു. എന്നാൽ ആഭ്യന്തര മന്ത്രിയോ, പ്രധാനമന്ത്രിയോ കേന്ദ്രത്തിലെ ഉന്നതതല ഉദ്യോഗസ്ഥനോ പോലും കേന്ദ്ര വരും ദിവസങ്ങളിൽ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നടപടിയെ കുറിച്ച് പ്രഖ്യാപിക്കാൻ മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
17 ആം തിയതി കഴിഞ്ഞാൽ വീണ്ടും ലോക്ക്ഡൗൺ ഉണ്ടാകുമോ എന്നും? എപ്പോഴാണിത് അവസാനിക്കുകയെന്നും? അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം എങ്ങനെയാണ് കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ നേരിടുന്നത് എന്നത് സംബന്ധിച്ചോ ജനങ്ങളുടെ തൊഴിൽ ഇല്ലായ്മ അടക്കമുള്ള ദുരിതം കുറയ്ക്കുന്നതിന് എന്തുതരം നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്ന കാര്യത്തിലോ രാജ്യത്തോട് ഒരു കാര്യവും മോദി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഏതു രീതിയിലാണ് ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവന്ന് രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
40 കോടിയിൽ അധികം വരുന്ന പാവപ്പെട്ട തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണവും ജീവിതമാർഗവും ഉറപ്പുവരുത്തുന്നതിന് സർക്കാരിന്റെ ഭാഗത്ത് എന്തൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളതെന്നും കോൺഗ്രസ് ചോദിക്കുന്നു?
അതേസമയം കോൺഗ്രസിന്റെ ചോദ്യങ്ങളോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.