
ന്യൂഡൽഹി: സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന കുടിയേറ്റ തൊഴിലാളികളിൽ പണമില്ലാത്ത ആളുകളുടെ ട്രെയിൻ യാത്രയുടെ കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി. നിർധനരായ തൊഴിലാളികളുടെ യാത്ര ചിലവാണ് പാർട്ടി വഹിക്കുക.
നാട്ടിലേക്ക് മടങ്ങുന്ന നിർധനരായ തൊഴിലാളികളുടെ യാത്രാച്ചെലവുകൾ അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ വഹിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് സോണിയ ഗാന്ധി നിർദേശം നൽകിയിരിക്കുന്നത്. യാത്രാ കൂലി ഈടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് സോണിയ ഗാന്ധി നടത്തിയത്.
കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ട്രെയിൻ യാത്ര എന്ന കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടേയും അടക്കം ആവശ്യം കേന്ദ്രവും റെയിൽവേയും അവഗണിച്ചു. കോവിഡ് കാലത്തും തൊഴിലാളികളിൽ നിന്നും ടിക്കറ്റ് നിരക്ക് കേന്ദ്രം ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു എന്നും സോണിയ പറഞ്ഞു..
ട്രംപിന്റെ സന്ദർശന വേളയിൽ 100 കോടി രൂപ ചെലവിട്ട് സ്വീകരണം നൽകിയ സർക്കാരാണിത്. എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റ് ചാർജ് വഹിക്കാൻ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്നും സോണിയ ഗാന്ധി ചോദിച്ചു. നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ലാണ് ഈ കുടിയേറ്റ തൊഴിലാളികളെന്നും സോണിയാ ഗാന്ധി പ്രസ്താവനയിൽ പറയുന്നു.