
ദില്ലി: ഇന്ധനവില കുറയുമ്പോൾ രാജ്യത്ത് ഡീസലിന്റെയും പെടോളിന്റെയും വില കുറക്കേണ്ടതിന് പകരം എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. 1.6 ലക്ഷം കോടിയുടെ അധിക വരുമാനം ആണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയുമാണ് കൂട്ടിയത്. ചില്ലറ വിലയില്‍ എന്നാല്‍ മാറ്റംവരില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്തേ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഉണ്ടാകില്ല എന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രം അറിയിച്ചു. രണ്ട് രൂപ അഡീഷണല്‍ എക്‌സൈസ് തീരുവയും റോഡ് നികുതിയായിട്ട് 8 രൂപയുമാണ് കേന്ദ്ര സർക്കാർ പെട്രോളിന് കൂട്ടിയത്. 5 രൂപയാണ് ഡീസലിന് അഡീഷണല്‍ തീരുവ കേന്ദ്രം കൂട്ടിയത്. ഇതോടെ 32.98 രൂപയാണ് പെട്രോളിനും, 31.83 രൂപയാണ്
ഡീസലിനും കേന്ദ്രം ഈടാക്കുന്ന നികുതികൾ.
രണ്ടാം തവണയാണ് മാര്‍ച്ചിന് ശേഷം എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. കൊവിഡ് കാരണം വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുവ കൂട്ടിയത് എന്നാണ് കേന്ദ്ര വാദം.