
തിരുവനന്തപുരം:അന്യസംസ്ഥാനത്ത് നിന്ന് പാസില്ലാതെ കേരളത്തിൽ എത്തിയ ഒരാളെ താൻ ഇടപെട്ട് കടത്തിവിട്ടതായി കോൺഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കര പറയുന്ന വീഡിയോ പുറത്ത്. കെെരളി ടിവി പുറത്ത് വിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാളയാർ ചെക്ക് പോസ്റ്റിൽ കുടുങ്ങി കിടക്കുന്ന എല്ലാ മലയാളികളേയും സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് എംപി എംഎൽഎമാരായ ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, അനില്‍ അക്കരെ എന്നിവർ കഴിഞ്ഞദിവസം ബഹളം വച്ചിരുന്നതിന്റെ അടക്കം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടയിൽ ആണ് കോൺഗ്രസിനെ വെട്ടിലാക്കി അനിൽ അക്കരയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം താൻ തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ ഈ മാസം ഒൻപതിന് നടത്തിയ സമരത്തിനിടയിൽ കളക്ടറോട് പറഞ്ഞ കാര്യങ്ങളാണ് വീഡിയോ ആയി പ്രചരിക്കുന്നത് എന്ന് അനിൽ അക്കരയും പ്രതികരിച്ചു. ഫേസ്ബുക്കിലുടെ ആണ് അദ്ദേഹം പ്രതികരിച്ചത്
കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടക്കം ഉള്ള സംഘവുമായി കോൺഗ്രസ് നേതാക്കൾ ഇടപെട്ടതായി റിപ്പോർട്ടുകളുണ്ട്. പാസില്ലാതെ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആണ് അനിൽ അക്കരയുടെ വീഡിയോ പുറത്ത് വന്നതും വൻ വിവാദം ആയതും. അതേസമയം വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവര്ത്തകരും, പൊലീസും മറ്റ് ഉദ്യോഗസ്ഥരും അടക്കം മലപ്പുറം സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ്.