ഉപാധികളോടെ ചര്‍ച്ചയ്ക്കില്ല; സമരവേദി മാറ്റില്ല; അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍


ന്യൂഡൽഹി: സമരവേദി ദേശീയ പാതയൊരത്തു നിന്ന് മാറ്റണമെന്ന അമിത് ഷായുടെ ആവശ്യത്തെ തള്ളി കർഷകർ. കേന്ദ്രസർക്കാർ പറയുന്നിടത്ത് തങ്ങൾക്ക് സമരം ചെയ്യാനാകില്ലെന്നും അവർ പറഞ്ഞു. പഞ്ചാബിൽനിന്നുള്ള കർഷക സംഘടനകളുടെ പ്രവർത്തകരാണ് സിംഘു പാതയോരത്ത് സമരം നടത്തുന്നത്.
ഉപാധികളോടെ എല്ലാ വിഷയവും ചർച്ചചെയ്യാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശവും പ്രതിഷേധിക്കുന്ന കർഷകർ പൂർണമായും തള്ളി. കർഷകസമരം സർക്കാർ പറയുന്ന സ്ഥലത്തേക്ക് മാറ്റിയാൽ പിറ്റേദിവസം തന്നെ ചർച്ച നടത്താമെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സർക്കാർ പറഞ്ഞ ബുറാഡി ഗ്രൗണ്ടിലേക്ക് സമരം മാറ്റേണ്ടതില്ലെന്ന് തന്നെയാണ് കർഷക സംഘടനകളുടെ നിലവിലുള്ള തീരുമാനം. ദേശീയപാതയൊരത്ത് നടക്കുന്ന സമരത്തിന് ജനപിന്തുണ ഏറുന്നതാണ് കാണാനാകുന്നത്.
ഇവിടേക്ക് കൂടുതൽ കർഷകർ എത്തിച്ചേരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ ആളുകളെത്തിയാൽ പാതയോരം പൂർണമായും ബ്ലോക് ആകും. ഇത് കേന്ദ്രത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് സംഘടനകൾ അൽപം മുമ്പ് വ്യക്തമാക്കിയത്.