
ന്യൂഡൽഹി: സംഘപരിവാർ നേതാക്കൾ സ്വാതന്ത്ര്യസമരത്തിനായി നൽകിയ സംഭാവനകൾ സാമൂഹിക മാധ്യമങ്ങളിൽ കൂടി അടക്കം ചോദ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ബിജെപി എംപി രംഗത്ത്. ഇവർക്കായി സംഘടനയുടെ നേതൃത്വത്തിൽ ചരിത്രക്ലാസുകൾ സംഘടിപ്പിക്കുമെന്നും തേജസ്വി സൂര്യ.
75 വർഷങ്ങളായിട്ടും ഇന്ത്യൻ ചരിത്രം വ്യക്തമായി പഠിക്കാത്ത കോൺഗ്രസ് പാർട്ടിയും അവരുടെ നേതാക്കളുടെയും അവസ്ഥ തികച്ചും ദൗർഭാഗ്യകരമാണെന്നും ബിജെപി എംപി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമരത്തിൽ പെങ്കെടുത്ത വീർ സവർക്കർ, സർദാർ പട്ടേൽ, ബാലഗംഗാധരതിലക്, അംബേദ്കർ തുടങ്ങിയവരുടെ സംഭാവനകൾ കോൺഗ്രസും അവരുടെ നേതാക്കളും ബോധപൂർവം അവഗണിക്കുന്നതായും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആർഎസ്എസും ബിജെപിയും സംഘപരിവാർ സംഘടനകളും ഹർ ഘർ തിരംഗയിലൂടെ ഇവരുടെ പഴയ ഭൂതകാലം മറയ്ക്കാനാണ് നോക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപിയുടെ പല ഓഫീസുകളും ഇന്ത്യൻ പതാക ഷോപ്പുകളായി മാറിയിരിക്കുകയാണ്. എത്ര രൂപയുടെ ജിഎസ്ടിയാണ് കൊടികൾക്ക് നൽകേണ്ടിവരികയെന്ന് ബിജെപിയും ആർഎസ്എസും പറയണം. സ്വാതന്ത്ര്യസമരം നടന്ന കാലഘട്ടത്തിൽ ആർഎസ്എസ് നേതാക്കൾ ബ്രിട്ടീഷുകാർക്കൊപ്പമാണ് നിന്നതെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.