
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയുള്ള പാക് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. സന അംജദ് പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഘപരിവാർ ഹാന്റിലുകളിലാണ് വീഡിയോയുടെ ഒരു ഭാഗം വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ ഒർജിനൽ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയെകുറിച്ചും സർക്കാരിനെതിരെയുമാണ് സനയുടെ വീഡിയിലെ ഉള്ളടക്കം. പാക് പ്രധാനമന്ത്രി മോദിയായിരുന്നുവെങ്കിൽ ന്യായമായ വിലയ്ക്ക് ഇവിടെ ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുമായിരുന്നു എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്.
‘പാക്കിസ്ഥാനിൽ നിന്നും എത്രയും വേഗം രക്ഷപ്പെടുക, അത് ഇന്ത്യ അടക്കമുള്ള ഏത് രാജ്യത്തേക്ക് ആണെങ്കിലും കുഴപ്പമില്ല’. ഇത്തരത്തിലുള്ള മുദ്രാവാക്യമാണ് പാക് തെരുവുകളിൽ ഉയരുന്നത്. ഇത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് മുൻ മാധ്യമ പ്രവർത്തക കൂടിയായ സന ഉന്നയിക്കുന്നത്.
യുവാവിന്റെ മറുപടി ഇങ്ങനെ: ‘പാക്കിസ്ഥാനിൽ ഞാൻ ജനിച്ചില്ലായിരുന്നെങ്കിലെന്ന് ഇപ്പോൾ ആഗ്രഹിക്കുക ആണെന്നും, ഇന്ത്യ പാക് വിഭജനം സംഭവിച്ചില്ലായിരുന്നെങ്കിലെന്ന് താൻ ഈ സമയം ആഗ്രഹിച്ചു പോകുന്നു, അങ്ങനെയെങ്കിൽ എനിക്കും എന്റെ സഹവാസികളായ ആളുകൾക്കും കുറഞ്ഞ വിലയ്ക്ക് ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നു. തന്റെ കുട്ടികൾക്ക് എല്ലാ ദിവസവും മികച്ച ഭക്ഷണം കൊടുക്കാൻ കഴിയുമായിരുന്നെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യയിൽ ആയിരുന്നു എങ്കിൽ തക്കാളി 20നും, ചിക്കൻ 150 നും ലഭിക്കും ആയിരുന്നു. മോദിയെ ഞങ്ങൾ ആഗ്രഹിക്കുന്നതായും. ഏറെ മികച്ച ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ജനങ്ങൾ മോദിയെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും” ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
മോദി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ബേനസീറിനെയോ നവാസ് ഷെരീഫിനെയോ ഇമ്രാൻഖാനേയോ, മുഷ്റഫിനെയോ പാക്കിസ്ഥാന് ആവശ്യമില്ലായിരുന്നു. വേണ്ടത് നരേന്ദ്രമോദിയാണ്, അദ്ദേഹത്തിനെ ഇനി ഈ രാജ്യത്തെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയൂ.
ലോകത്തെ അഞ്ചാമത്തെ സമ്പദ് ശക്തിയാണ് ഇന്ത്യ, പാക്കിസ്ഥാൻ എവിടെയാണ് നിൽക്കുന്നത്?. നമുക്ക് മോദിയെ നൽകാനും. നരേന്ദ്രമോദി തന്നെ നമ്മുടെ രാജ്യം ഭരിക്കാനും ദൈവത്തോട് പ്രാർത്ഥിക്കുന്നതായും മാധ്യമ പ്രവർത്തകയോട് ഇയാൾ പറയുന്നുണ്ട്.
വീഡിയോ സംഘപരിവാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “എത്രയും വേഗം കൊണ്ട് പൊയ്ക്കോ, സന്തോഷമെ ഒള്ളു” എന്ന് പരിഹാസവുമായി നിരവധി ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.