യുപിയിലാണ് താമസമെന്ന് കരുതിക്കാണും; ബുദ്ധി കൂടിപ്പോയാലും അപൂർവ്വം ചിലർക്ക് ചില പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്; ഈ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ ട്രോളി ഷാഹിദ കമാൽ


തിരുവനന്തപുരം: മെട്രോമാൻ ഈ ശ്രീധരന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ഏതൊരു പൗരനും ഇഷ്ടമുളള രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഷാഹിദ കമാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പക്ഷേ ഇത് യുപിയിൽ ആണ് താമസമെന്ന് കരുതിക്കാണുമെന്നും വനിതാ കമ്മീഷൻ അംഗം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസരൂപേണെ ചൂണ്ടിക്കാട്ടുന്നു. “മുഖ്യമന്ത്രിയാകാൻ താൻ തയ്യാർ, ഞാൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പലതും നേടാനാകില്ലെന്ന് ഇ ശ്രീധരൻ” പറഞ്ഞതായുള്ള വാർത്തയുടെ സ്ക്രീൻ ഷോട്ട് ചൂണ്ടിക്കാട്ടിയാണ് ഷാഹിദ കമാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മെട്രോമാനേ ട്രോളിയത്.
ബുദ്ധി കൂടിപ്പോയാലും അപൂർവ്വം ചിലർക്ക് ചില പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെന്നും വനിതാ കമ്മീഷൻ അംഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം മലയാളികൾ ഏറ്റവും കൂടുതൽ ബഹുമാനിച്ചിരുന്ന വ്യക്തിയിൽ നിന്ന് തന്നെ ഇത്തരമൊരു തീരുമാനമുണ്ടായത് സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.