ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല; ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെ; ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമർശനവുമായി എഎ റഹീം

തിരുവനന്തപുരം: ഏഷ്യാനെറ്റിനെയും അവതാരകൻ വിനു.വി.ജോണിനെയും വിമർശിച്ച് ഡി.വൈഎ.ഫ്ഐ നേതാവും സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായ എ.എ റഹീം.

മന്ത്രി ശിവന്‍കുട്ടി, മുൻ മന്ത്രി കെടി ജലീൽ, ഉള്‍പ്പടെയുള്ള എൽഡിഎഫ് നേതാക്കളെ വൈകിട്ട് നടക്കുന്ന ചാനല്‍ ചർച്ചയ്ക്കിടെ അപമാനിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹിം രൂക്ഷ വിമർശനമായി രംഗത്ത് എത്തിയത്. ഇന്നലത്തെ “ന്യൂസ് അവർ ഷോ” വിവിധ കാരണങ്ങളാൽ, നീതീകരിക്കാനാകാത്ത മാധ്യമ ശൈലിയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹിം വ്യക്തതമാക്കി.

ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ലെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ചില മാധ്യമ കോടതികൾ ഗോത്രകാലത്തെ അനുസ്മരിപ്പിക്കുന്നു. അവിടെ നീതിയും ധർമവും ഇല്ല.നല്ലഭാഷയും മാന്യമായ വിമർശനവും ജനാധിപത്യ പരമായ സംവാദങ്ങളും തീരെ നഷ്ടപ്പെട്ടിരിക്കുന്നു.

മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധപതിയേണ്ട ഒരുപാട് ജീവൽപ്രധാനമായ പ്രശ്നങ്ങളുണ്ട്.എന്നാൽ അതൊന്നും ഇവരുടെ വാർത്താ പരിഗണനയിൽ വരാറില്ല.മലയാള ദൃശ്യ മാധ്യമങ്ങൾ തമ്മിൽ ഇന്ന് കടുത്ത മത്സരവുമാണ്.
ഒന്നാമതെത്താൻ എന്ത് നെറികേടും കാണിച്ചു കൂട്ടും.ഇതിനു പുറമെയാണ് അതിരുകടന്ന ഇടത് വിരോധവും.

‘നിയമസഭയിലെ തെമ്മാടികൾ’എന്നായിരുന്നു ഇന്നലത്തെ ഏഷ്യാനെറ്റ് രാത്രിചർച്ചയിലെ തലക്കെട്ട് തന്നെ.വിയോചിക്കാൻ,വിമർശിക്കാൻ
നല്ലവാക്കുകൾക്ക് ഇവർക്ക് ഇത്രയും ക്ഷാമമുണ്ടോ??
സഭയിൽ എത്തുന്നത്, ജനങ്ങൾ വിജയിപ്പിച്ചിട്ടാണ്.പതിറ്റാണ്ടുകൾ നീണ്ട പൊതു പ്രവർത്തനം നടത്തുന്നവർ കടന്നു വന്ന ത്യാഗ നിർഭരമായ വഴികളുണ്ട്.അതൊക്കെ റദ്ദാക്കാൻ ഒരു അവതാരകൻ വിചാരിച്ചാൽ കഴിയില്ല.

ഒരാൾ ഒരാളെ ‘വഷളൻ’ എന്ന് വിളിക്കുമ്പോൾ വഷളാവുന്നത് വിളിക്കുന്നവർ തന്നെയാണ്.
ഓട് പൊളിച്ചല്ല, ജനം വോട്ട് ചെയ്താണ് സഖാവ് ശിവൻകുട്ടി അടക്കമുള്ളവർ നിയമസഭയിൽ എത്തിയത്.ഒരിക്കൽ,സ്പീക്കർ
ശ്രീരാമകൃഷ്‌ണനെതിരെ ദ്വയാർത്ഥ സ്വരത്തിൽ ഈ അവതാരകൻ സംസാരിക്കുന്നത് കേട്ടു.
കെ ടി ജലീലിനെ അല്പനെന്നു അധിക്ഷേപിക്കുന്നതും കേൾക്കാനിടയായി.വീണ ജോർജിനെ വൈരാഗ്യത്തോടെ നിരവധി തവണ വേട്ടയാടുന്നതും കണ്ടു.ഇവരൊക്കെ വിമർശനങ്ങൾക്ക് അതീതരാണ് എന്നല്ല.മാന്യമായ ഭാഷ പ്രയോഗിക്കണം.അറിഞ്ഞോ അറിയാതെയോ ഏഷ്യാനെറ്റിന് മുന്നിൽ പെട്ടുപോയ പ്രേക്ഷകരോട് മാന്യത കാട്ടണം.

ഇന്നലത്തെ ഏഷ്യാനെറ്റ് “ന്യൂസ് അവർ ഷോ”
വിവിധ കാരണങ്ങളാൽ,നീതീകരിക്കാനാകാത്ത
മാധ്യമ ശൈലിയായിരുന്നു.തികച്ചും ഏകപക്ഷീയമായ പാനൽ,തരംതാണ ഭാഷാപ്രയോഗങ്ങൾ….

ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.
ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button