
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തകർത്തത്.
ഗോളി കൊപ്പിസെട്ടി അജയ് കുമാറിന്റെ സേവുകളാണ് ആന്ധ്രയെ കൂടുതൽ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ കേരളം ആന്ധ്ര ബോക്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആദ്യ മിനിറ്റിൽ തന്നെ കേരള താരം ഹൃഷിദത്തിന്റെ ഗോൾ ശ്രമം അജയ് കുമാർ രക്ഷപ്പെടുത്തി.
വിങ്ങുകളിലൂടെ അജിൻ ടോമിന്റെ മുന്നേറ്റം കൂടിയായപ്പോൾ ജിതിനും വിഷ്ണുവിനും ലിയോൺ അഗസ്റ്റിനും യഥേഷ്ടം പന്ത് ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ ആദ്യ അരമണിക്കൂറിൽ തന്നെ നാലു ഗോളുകൾക്കെങ്കിലും മുന്നിലെത്തേണ്ടിയിരുന്ന കേരളത്തിന് ഫിനിഷിങ്ങിലെ പോരായ്മയാണ് വിനയായത്. ഈ സമയമത്രയും ആന്ധ്രയുടെ ഭാഗത്തുനിന്ന് യാതൊരു മുന്നേറ്റങ്ങളും ഉണ്ടായിരുന്നില്ല.