
ന്യൂഡൽഹി: മൊബൈല്‍ കോള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചുകഴിഞ്ഞു. ആദ്യ പടിയായി വോഡഫോണ്‍ – ഐഡിയയുടെ നിരക്ക് വര്‍ധനവ് ഈമാസം മൂന്നിന് നിലവില്‍ വരും. ടെലികോം കമ്പനികളുടെ നഷ്ടവും കടബാധ്യതയും പെരുകിയ പശ്ചാത്തലത്തിലാണ് മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
നിരക്കുകള്‍ 42 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ജിയോ, ഏയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ – ഐഡിയ കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയത്. അടുത്ത വര്‍ഷത്തോടെ 67 ശതമാനം വരെ നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എയർടെൽ
ഭാരതി എയർടെൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഡിസംബർ മൂന്ന് ചൊവ്വാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണ് വർധന. റീച്ചാർജുകൾക്കൊപ്പം നൽകിയിരുന്ന ആനുകൂല്യങ്ങൾക്ക് മാറ്റം വന്നിട്ടില്ല. വിലയിൽ മാത്രമാണ് മാറ്റം. പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക എയർടെൽ പുറത്തുവിട്ടിട്ടുണ്ട്.
ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുത്തിരുന്ന 169 രൂപയുടേയും 199 രൂപയുടേയും പ്ലാനുകൾക്ക് ഇനിമുതൽ 248 രൂപയായിരിക്കും വില. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഒപ്പം എയർടെൽ എക്സ്ട്രീം സേവനങ്ങളും വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺ, ആന്റി വൈറസ് പ്രൊട്ടക്ഷൻ എന്നിവ ലഭിക്കും. 19 രൂപയുടെ റീച്ചാർജിൽ വർധനവില്ല. എന്നാൽ 25 രൂപയുടെ റീച്ചാർജ് 49 രൂപയാക്കി വർധിപ്പിച്ചു. 65 രൂപയുടെ പ്ലാനിന് ഇപ്പോൾ 79 രൂപയാണ് വില.
വോഡഫോൺ ഐഡിയ
ഡിസംബർ മൂന്ന് മുതലാണ് പുതിയ നിരക്കുകളിലുള്ള സേവനങ്ങൾ ആരംഭിക്കുക. 19 രൂപയിൽ തുടങ്ങി 2399 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോണിനുള്ളത്. പരിധിയില്ലാത്ത കോളുകൾ ഇനിയുണ്ടാവില്ല. പകരം 1000 മിനിറ്റ് മുതൽ 3000 മിനിറ്റ് വരെയുള്ള സൗജന്യ കോൾ ആനുകൂല്യങ്ങളാണ് നൽകുക.
ലിമിറ്റഡ് ഡാറ്റാ പ്ലാനുകൾ
വോഡഫോണിന്റെ 149 രൂപയുടെ പ്ലാനിനൊപ്പം 1000 മിനിറ്റ് ഓഫ് നെറ്റ് കോളുകൾ, 2 ജിബി ഡാറ്റ, 300 എസ്എംസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.
379 രൂപയുടെ പ്ലാനിൽ 3000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും, 6 ജിബി ഡാറ്റയും 1000 എസ്എംഎസുകളും 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.
699 രൂപയുടെ പ്ലാനിൽ 12,000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും 24 ജിബി ഡാറ്റയും 3600 എസ്എസും ഒരു വർഷത്തേക്ക് ലഭിക്കും.
ജിയോ
വോയ്സ്, ഡാറ്റാ താരിഫ് നിരക്കിൽ 40 ശതമാനം വർധവാണുള്ളത്. ഡിസംബർ ആറ് മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക. നിരക്ക് വർധിച്ചാലും പുതിയ പ്ലാനുകൾക്ക് കീഴിൽ 300 ശതമാനം വരെ അധിക ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുമെന്നാണ് ജിയോയുടെ വാഗ്ദാനം.
അൺലിമിറ്റഡ് വോയ്സ്, ഡാറ്റാ സേവനങ്ങളുമായി പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ ജിയോ അവതരിപ്പിക്കും. മറ്റ് മൊബൈൽ നെറ്റ് വർക്കുകളിലേക്ക് തൃപ്തികരമായ നിരക്കുകളാണുണ്ടാവുകയെന്നും ജിയോ വ്യക്തമാക്കി. പുതിയ പ്ലാനുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ ജിയോ പുറത്തുവിട്ടിട്ടില്ല.