
ബഗ്ദാദ്: ഇറാഖിൽ യുഎസ് – സഖ്യ സേനകളുടെ രണ്ട് വ്യോമതാവളങ്ങൾ ആക്രമിച്ച് 80 അമേരിക്കൻ ഭീകരരെ വധിച്ചതായി ഇറാൻ. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം. അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ആക്രമിച്ചത്.
അസദിലെ താവളത്തിനു നേരെ 30 മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്റെ വാര്‍ത്താ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് നേരത്തെ വന്ന റിപ്പോർട്ടുകൾ.
15 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാൻ ഔദ്യോഗിക ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണം സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യയെക്കുറിച്ച് യുഎസ് പ്രതികരിച്ചിട്ടില്ല. ഇറാഖിൽ നിലയുറപ്പിച്ച യുഎസിന്റെയും സഖ്യസേനകളുടെയും കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് വിമാനക്കമ്പനികളോട് ഗൾഫ് സർവീസുകൾ നിർത്തിവയ്ക്കാൻ യുഎസ് വ്യോമയാന അതോറിറ്റി നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ ജനറൽ ഖാസിം സുലൈമാനി ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ നേതൃത്വം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.